ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടറൽ ബോണ്ട് ദാതാവായ 'ലോട്ടറി രാജാവ്' സാന്തിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ തമിഴ്നാട്ടിലും പുതുച്ചേരിയിലും മിന്നുന്ന വിജയം സ്വന്തമാക്കി. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവരാണ് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് നിയമസഭയിലെത്തിയത്.
തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്ന് എഐഎഡിഎംകെ ടിക്കറ്റിൽ സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് വിജയിച്ചു. ഡിഎംകെ, ടിവികെ സ്ഥാനാർത്ഥികളെ 2,739 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ഫെബ്രുവരിയിൽ എഐഎഡിഎംകെയിൽ ചേർന്ന ഇവർ പാർട്ടി വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിച്ച ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ടിവികെയുടെ ഇലക്ഷൻ വിംഗ് സെക്രട്ടറിയായ ആദവ്, മാർട്ടിന്റെ മകൾ ഡെയ്സിയുടെ ഭർത്താവാണ്. കുടുംബ രാഷ്ട്രീയത്തിനെതിരെ വിജയ് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പിൽ തന്നെ മാർട്ടിന്റെ കുടുംബാംഗം ടിവികെയിലൂടെ സഭയിലെത്തിയത് ശ്രദ്ധേയമായി. വരാനിരിക്കുന്ന മന്ത്രിസഭയിൽ ഇദ്ദേഹം ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ജോസ് ചാൾസ് മാർട്ടിൻ 10,205 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വന്തം പാർട്ടിയായ ലക്ഷ്യ ജനനായക കക്ഷി രൂപീകരിച്ച ഇദ്ദേഹം തന്റെ സഹോദരീഭർത്താവായ ആദവ് അർജുനയെ പരസ്യമായി വിമർശിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു.
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന കമ്പനിയിലൂടെ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മാർട്ടിൻ, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന നൽകിയ വ്യക്തിയാണ്. തൃണമൂൽ കോൺഗ്രസ് (₹540 കോടി), ഡിഎംകെ (₹500 കോടി), ബിജെപി (₹100 കോടി) തുടങ്ങി മിക്ക പ്രധാന പാർട്ടികൾക്കും മാർട്ടിൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
കുടുംബാംഗങ്ങൾ വ്യത്യസ്ത മുന്നണികളിലായി വിജയിച്ചതോടെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും നിയമനിർമാണ സഭകളിൽ മാർട്ടിൻ കുടുംബത്തിന് വലിയ സ്വാധീനം കൈവന്നിരിക്കുകയാണ്.